2013, സെപ്റ്റംബർ 1, ഞായറാഴ്‌ച

ചുക്കും ഗക്കും
അര്‍ക്കാദി ഗദര്‍ വിവര്‍ത്തനം: മോസ്‌കോ ഗോപാലകൃഷ്ണന്‍
പണ്ട് നീലമലയ്ക്കടുത്തുള്ള കാട്ടില്‍ ഒരാള്‍ പാര്‍ത്തിരുന്നു. അയാള്‍ കഠിനമായി അധ്വാനിച്ചെങ്കിലും ജോലി ഒരിക്കലും തീര്‍ന്നിരുന്നില്ല. അതുകൊണ്ട് ഒഴിവിനു വീട്ടില്‍പ്പോകാന്‍ അയാള്‍ക്കു സമയം കിട്ടിയില്ല.
ഒടുവില്‍ മഞ്ഞുകാലം വന്നപ്പോള്‍ അയാള്‍ക്കു വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു. കുട്ടികളുമൊന്നിച്ചു തന്നെ വന്നു കാണാന്‍ അയാള്‍ ഭാര്യയ്‌ക്കെഴുതി.
അയാള്‍ക്കു രണ്ടു മക്കളുണ്ടായിരുന്നു; ചുക്കും ഗെക്കും.
അവര്‍ അമ്മയുമൊന്നിച്ച് വളരെവളരെ അകലെയുള്ള ഒരു വലിയ നഗരത്തിലായിരുന്നു താമസം. അതിലും നല്ലൊരു നഗരം ഭൂമുഖത്തില്ല തന്നെ.
രാവും പകലും ചുവന്ന നക്ഷത്രങ്ങള്‍ നഗരത്തിന്റെ ഗോപുരങ്ങളിന്മേല്‍ മിന്നിത്തിളങ്ങി.
നിസ്സംശയമായും മോസ്‌കോ എന്നായിരുന്നു അതിന്റെ പേര്‍.

തപാല്‍ശിപായി കത്തുംകൊണ്ടു കോവണി കയറുമ്പോള്‍ ചുക്കും ഗെക്കും മല്‍പ്പിടിത്തത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. അതൊരു വാശിയേറിയ മല്‍പ്പിടിത്തമായിരുന്നുതാനും.
എന്തിനാണവര്‍ മല്ലിട്ടതെന്ന് എനിക്കിപ്പോള്‍ ഓര്‍മ്മയില്ല. ചുക്ക് ഗെക്കിന്റെ തീപ്പെട്ടി കൈക്കലാക്കിയെന്നു തോന്നുന്നു. അതോ ഗെക്ക് ചുക്കിന്റെ കാലി പോളിഷ് ടിന്നുംകൊണ്ട് കടന്നതാണോ എന്നു നിശ്ചയമില്ല.
അവര്‍ അന്യോന്യം ഓരോ ഇടി കൈമാറി അടുത്തതിന് ഒരുങ്ങുമ്പോഴാണ് വാതില്‍ക്കല്‍ മണിയടിച്ചത്. അവര്‍ സംഭ്രമത്തോടെ പരസ്​പരം നോക്കി. അമ്മയാണെന്നാണു വിചാരിച്ചത്. അവര്‍ മറ്റ് അമ്മമാരെപ്പോലെ ആയിരുന്നില്ല. മല്ലിടുന്നതിന് അമ്മ അവരെ ശകാരിക്കുകയോ അവരുടെ നേരെ ഒച്ചയെടുക്കുകയോ ചെയ്തിരുന്നില്ല. കുറ്റവാളികളെ ഒരു മണിക്കൂര്‍ മുഴുവനും, ചിലപ്പോള്‍ രണ്ടു മണിക്കൂര്‍പോലും, ഒന്നിച്ചു കളിക്കാന്‍ അനുവദിക്കാതെ, വെവ്വേറെ മുറികളിലാക്കുമെന്നുമാത്രം.
അറുപതു മുഴുവന്‍ മിനിട്ടുകള്‍ ടിക്-ടിക് എന്നടിച്ചുകൊണ്ടു നീങ്ങിയാലേ ഒരു മണിക്കൂറാവൂ. രണ്ടു മണിക്കൂര്‍ കഴിയാന്‍ അതിലും കൂടുതല്‍ സമയം വേണം.
അവരതുകൊണ്ട് വേഗം കണ്ണുനീര്‍ തുടച്ച് കതകു തുറക്കാനോടി.
പക്ഷേ, വന്നത് അമ്മയായിരുന്നില്ല. എഴുത്തുംകൊണ്ട് തപാല്‍ ശിപായിയായിരുന്നു.
'അച്ഛന്റെ കത്താണ്!' അവര്‍ ആര്‍ത്തുവിളിച്ചു, 'ഹുറാ! അച്ഛന്റെ കത്താണ്! അച്ഛന്‍ ഉടന്‍ വരുമായിരിക്കും!'
അവര്‍ സന്തോഷംകൊണ്ട് സോഫയില്‍ ചാടാനും കുത്തിമറിയാനും തുടങ്ങി. കാരണം, മോസ്‌കോ ലോകത്തില്‍വച്ച് ഏറ്റവും നല്ല നഗരമാണെങ്കില്‍പ്പോലും അച്ഛന്‍ ഒരു കൊല്ലം മുഴുവന്‍ അടുത്തില്ലാത്തപ്പോള്‍ മോസ്‌കോപോലും രസമില്ലാത്ത ഇടമായെന്നുവരും.
അവരുടെ ഉദ്വേഗത്തിനും ആഹ്ലാദത്തിനുമിടയ്ക്ക് അമ്മ വന്നത് അവരറിഞ്ഞില്ല.
തന്റെ മിടുക്കന്മാരായ രണ്ടു മക്കളും മലര്‍ന്നുകിടന്ന് കൂവി വിളിച്ചുകൊണ്ട് ഭിത്തിയില്‍ താളത്തില്‍ കാലിട്ടടിക്കുന്നതു കണ്ട് അവര്‍ അത്ഭുതപ്പെട്ടു. കുട്ടികളുടെ ചവിട്ടിന്റെ ശക്തികാരണം സോഫയുടെ മുകളില്‍ തൂക്കിയിരുന്ന ചിത്രങ്ങള്‍ ഇളകുകയും ക്ലോക്കിലെ സ്​പ്രിങ് മൂളുകയും ചെയ്തു.
പക്ഷേ, അവരുടെ ആഹഌദപ്രകടനത്തിനുള്ള കാരണമറിഞ്ഞപ്പോള്‍ അമ്മ അവരെ ശകാരിച്ചില്ല.
പകരം അവര്‍ കുട്ടികളെ സോഫയില്‍നിന്നു താഴെയിറക്കി, രോമക്കോട്ട് വേഗം ഊരിമാറ്റി കത്തു വായിക്കാനിരുന്നു. മുടിയില്‍ പറ്റിയിരുന്ന ഹിമശകലങ്ങള്‍ കുടഞ്ഞുകളയാന്‍പോലും അവര്‍ മിനക്കെട്ടില്ല. അവ ഇതിനകം ഉരുകിക്കഴിഞ്ഞിരുന്നു. അമ്മയുടെ ഇരുണ്ട പുരികങ്ങളുടെ മുകളില്‍ അവ മുത്തുകള്‍പോലെ തിളങ്ങി.

കത്തുകള്‍ സന്തോഷകരമോ സങ്കടകരമോ ആകാമെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അതുകൊണ്ടാണ് അമ്മ കത്തു വായിച്ചുകൊണ്ടിരുന്നപ്പോള്‍ ചുക്കും ഗെക്കും അവരുടെ മുഖം ശ്രദ്ധിച്ചത്.
ആദ്യം അമ്മ നെറ്റി ചുളിച്ചു. അവരും നെറ്റി ചുളിച്ചു. പിന്നീട് അമ്മ പുഞ്ചിരിച്ചു. അപ്പോള്‍ എഴുത്ത് സന്തോഷപ്രദമായ ഒന്നാണെന്നര്‍ത്ഥം.
'നിങ്ങളുടെ അച്ഛന്‍ വരുന്നില്ല,' കത്തു മാറ്റിവച്ചിട്ട് അമ്മ പറഞ്ഞു, 'അദ്ദേഹത്തിന് പിടിപ്പതു ജോലിയുള്ളതുകൊണ്ട് ഇങ്ങോട്ടു വരാന്‍ പറ്റില്ല.'
ചുക്കും ഗെക്കും അമ്പരന്ന് പരസ്​പരം നോക്കി. അപ്പോള്‍ ആ കത്ത് ആകാവുന്നത്ര സങ്കടകരമാണല്ലോ.
ഒരു നിമിഷത്തിനകം അവര്‍ ചുണ്ടു കൂര്‍പ്പിക്കാനും മൂക്കുചീറ്റാനും അമ്മയുടെ നേരെ ദേഷ്യത്തോടെ നോക്കാനും തുടങ്ങി. അമ്മയാണെങ്കില്‍ എന്തുകൊണ്ടോ പുഞ്ചിരിച്ചുകൊണ്ടിരുന്നു.
'അദ്ദേഹം വരുന്നില്ല,' അവര്‍ പറഞ്ഞു, 'പക്ഷേ, നമ്മള്‍ അങ്ങോട്ടു ചെന്നുകാണണമെന്നാണ് പറയുന്നത്.'
അതു കേള്‍ക്കേണ്ട താമസം, ചുക്കും ഗെക്കും സോഫയില്‍നിന്നു ചാടിയിറങ്ങി.
'എന്തൊരു മനുഷ്യന്‍!' അമ്മ നെടുവീര്‍പ്പിട്ടു, ' 'വന്നുകാണണം' എന്നു പറയാന്‍ എളുപ്പമാണ്. ഇതു കേട്ടാല്‍ത്തോന്നും ഒരു ട്രാമില്‍ കയറി അങ്ങ് പോയാല്‍ മതിയെന്ന്.'
'അതുതന്നെ!' ചുക്ക് ഇടയ്ക്കു കയറി പറഞ്ഞു, ' 'വരണം' എന്ന് അച്ഛന്‍ പറഞ്ഞാല്‍ നാം ഉടന്‍ പുറപ്പെടണം.'
'നീ ഒരു വിഡ്ഢിയാണ്,' അമ്മ പറഞ്ഞു, 'അവിടെ എത്താന്‍ ഒരു ആയിരം കിലോമീറ്റര്‍ ദൂരം തീവണ്ടിയില്‍ സഞ്ചരിക്കണം. അതു കഴിഞ്ഞ് പിന്നീടൊരു ആയിരം കിലോമീറ്റര്‍ വേറെയും. അതും കഴിഞ്ഞ് തൈഗായിലൂടെ ഹിമവണ്ടിയോടിച്ചു പോകണം. ആ തൈഗായിലാണെങ്കില്‍ ചെന്നായയുടെയോ കരടിയുടെയോ മുമ്പില്‍ ചെന്നു ചാടുമെന്നു തീര്‍ച്ച. കൊള്ളാം! എന്തൊരു കൂത്ത്! നിങ്ങള്‍തന്നെ ഒന്നാലോചിച്ചുനോക്കിന്‍.'
പക്ഷേ, ചുക്കും ഗെക്കും അതേപ്പറ്റി ഒരു നിമിഷനേരംപോലും ആലോചിക്കാന്‍ തയ്യാറായില്ല. ആയിരമല്ല, ഒരു ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് അവര്‍ പറഞ്ഞു. അവര്‍ക്ക് ഒന്നിനെയും ഭയമില്ല. ധൈര്യശാലികളാണവര്‍. ഇന്നലെയല്ലേ എവിടുന്നോ വന്നുകയറിയ ഒരു മുഷ്‌കന്‍ പട്ടിയെ അവര്‍ മുറ്റത്തുനിന്നു കല്ലെറിഞ്ഞ് ഓടിച്ചത്?
അവര്‍ കലപിലാ ചിലച്ചുകൊണ്ട് കൈവീശുകയും നിലത്ത് ആഞ്ഞുചവിട്ടുകയും അവിടെയെല്ലാം തുള്ളിച്ചാടി നടക്കുകയും ചെയ്തു. അമ്മ അതെല്ലാം ശ്രദ്ധിച്ചുകൊണ്ട് അനങ്ങാതിരുന്നതേയുള്ളൂ. പെട്ടെന്ന് അവര്‍ പൊട്ടിച്ചിരിച്ച് കുട്ടികളെ വാരിയെടുത്ത് വട്ടത്തില്‍ കറക്കി ഒടുവില്‍ സോഫയിലിട്ടു.
നമ്മള്‍ തമ്മില്‍ പറയുകയാണെങ്കില്‍, അവര്‍ വാസ്തവത്തില്‍ അത്തരമൊരു കത്തുതന്നെയാണ് ഏറെനാളായി പ്രതീക്ഷിച്ചുകൊണ്ടിരുന്നത്. തമാശ ഇഷ്ടമായിരുന്നതുകൊണ്ട് അവര്‍ ചുക്കിനേയും ഗെക്കിനേയും 'പിരികേറ്റി' എന്നു മാത്രം.

II
യാത്രയ്‌ക്കൊരുങ്ങാന്‍ അമ്മ ഒരാഴ്ചയെടുത്തു. ആ സമയം ചുക്കും ഗെക്കും പാഴാക്കിയില്ല.
കറിക്കത്തികൊണ്ട് ചുക്ക് ഒരു കഠാരയുണ്ടാക്കി. ഗെക്ക് മിനുസമുള്ള ഒരു വടി കണ്ടുപിടിച്ച് അതിന്റെ തലയ്ക്കല്‍ ഒരാണി തറച്ചു. അതോടെ അത് നല്ല ബലമുള്ള ഒരു കുന്തമായിത്തീര്‍ന്നു. അവന്‍ അത് ഒരു കരടിയുടെ നെഞ്ചില്‍ തറച്ചാല്‍ അത് ആ നിമിഷം ചത്തുവീഴുമെന്നു തീര്‍ച്ച. നേരത്തേതന്നെ ആരെങ്കിലും അതിന്റെ തൊലി കുത്തിക്കീറിയിരിക്കണമെന്നുമാത്രം.
അവസാനം എല്ലാം തയ്യാറായി. സാമാനമെല്ലാം കെട്ടിയൊരുക്കി. കതകിന് ഇരട്ടപ്പൂട്ടിട്ടു. എലി വരാതിരിക്കാന്‍ അലമാരയില്‍നിന്ന് റൊട്ടിക്കഷണങ്ങളും ഗോതമ്പുമാവിന്റെയും മറ്റു ധാന്യപ്പൊടികളുടെയും അവശിഷ്ടങ്ങളും തുടച്ചുമാറ്റി. അതിനുശേഷം, പിറ്റേന്നു പുറപ്പെടുന്ന തീവണ്ടിക്കു ടിക്കറ്റു വാങ്ങാന്‍ വേണ്ടി അമ്മ റെയില്‍വേസ്റ്റേഷനിലേക്കു പോയി.
അമ്മ പോയിരിക്കുമ്പോള്‍ ചുക്കും ഗെക്കും വഴക്കുകൂടി.
കഷ്ടം! ആ വഴക്ക് എന്തെല്ലാം ഉപദ്രവമുണ്ടാക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവര്‍ തീര്‍ച്ചയായും അന്ന് നന്നായി പെരുമാറുമായിരുന്നു.

III
രണ്ടുപേരിലുംവെച്ച് പിടിപ്പുണ്ടായിരുന്ന ചുക്കിന് ഒരു പരന്ന തകരപ്പെട്ടിയുണ്ടായിരുന്നു. അവന്‍ അതില്‍ തേയിലക്കൂടുകളില്‍നിന്നുള്ള ഈയക്കടലാസും മിഠായി പൊതിഞ്ഞ കടലാസും സൂക്ഷിച്ചിരുന്നു. കൂടാതെ അമ്പുണ്ടാക്കാന്‍വേണ്ടി കരിംകുയിലിന്റെ കുറച്ചു തൂവലുകളും ഒരു ചൈനീസ് വിദ്യ കാണിക്കാന്‍വേണ്ടി കുറെ കുതിരരോമവും അത്രതന്നെ പ്രാധാന്യമുള്ള മറ്റു ചിലതും അതിലുണ്ടായിരുന്നു.
ഗെക്കിന് അതുപോലൊരു പെട്ടിയുണ്ടായിരുന്നില്ല. പൊതുവില്‍ ഗെക്ക് അതുമിതും ആലോചിച്ചു നടക്കുന്ന പ്രകൃതക്കാരനായിരുന്നു. പക്ഷേ, അവനു തീര്‍ച്ചയായും പാട്ടു പാടാനറിയാമായിരുന്നു.
ചുക്ക് അടുക്കളയിലിരുന്ന് തന്റെ വിലപ്പെട്ട പെട്ടിക്കകത്തെ സാധനങ്ങള്‍ തരംതിരിച്ചു വെക്കുകയും ഗെക്ക് മറ്റേ മുറിയിലിരുന്ന് പാടുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് തപാല്‍ശിപായി വന്ന് അമ്മയ്ക്കായുള്ള ഒരു കമ്പി ചുക്കിനെ ഏല്‍പ്പിച്ചത്.
ചുക്ക് കമ്പി തന്റെ പെട്ടിയിലിട്ടശേഷം ഗെക്ക് പാട്ടു നിര്‍ത്താനുള്ള കാരണമറിയാന്‍ അങ്ങോട്ടു പോയി.
'റാ! റാ! ഹുറാ!' ഗെക്ക് ആര്‍ത്തുവിളിക്കുകയായിരുന്നു. 'ഹേ! ബേ! ടുറുംബേ!'

ചുക്ക് ജിജ്ഞാസയോടെ കതകു തുറന്നുനോക്കി.
12 Oct 2011
ആ കാഴ്ച കണ്ട് അവന്റെ കൈകള്‍ അരിശംകൊണ്ടു വിറയ്ക്കാന്‍ തുടങ്ങി.
മുറിയുടെ നടുവില്‍ ഒരു കസേര നിന്നിരുന്നു. കുന്തമുനകൊണ്ടു സര്‍വ്വത്ര കുത്തിക്കീറിയ ഒരു പത്രം അതിന്റെ പിന്‍ഭാഗത്തു തൂങ്ങിക്കിടന്നിരുന്നു. അത്രമാത്രമേ ഉള്ളുവെങ്കില്‍ സാരമില്ലായിരുന്നു. പക്ഷേ, ആ ഭയങ്കരനായ ഗെക്കുണ്ടല്ലോ, അമ്മയുടെ ഷൂസ് വാങ്ങിച്ച മഞ്ഞ നിറത്തിലുള്ള കാര്‍ഡ്‌ബോര്‍ഡ് പെട്ടി ഒരു കരടിയാണെന്നു സങ്കല്‍പ്പിച്ച് അതിനെ കുന്തംകൊണ്ട് സര്‍വ്വശക്തിയുമെടുത്ത് കുത്തുകയായിരുന്നു. ചുക്ക് ആ പെട്ടിക്കകത്ത് തകരം കൊണ്ടുണ്ടാക്കിയ ഒരു പീപ്പി, നവംബര്‍ 7ന്റെ മൂന്നു വര്‍ണ്ണ ബാഡ്ജുകള്‍, കുറച്ചു പണം- എല്ലാംകൂടി 46 കോപ്പെക്ക്- ഇത്രയും സൂക്ഷിച്ചുവെച്ചിരുന്നു. ആ പണം ഗെക്കിനെപ്പോലെ കണ്ടമാനം ചെലവാക്കാതെ അവരുടെ ദീര്‍ഘയാത്രയ്ക്കുവേണ്ടി അവന്‍ നീക്കിവെച്ചിരുന്നതാണ്.

കുത്തിക്കീറിയിട്ടിരുന്ന പെട്ടി കണ്ടയുടനെ ചുക്ക് ഗെക്കിന്റെ കയ്യില്‍നിന്നു കുന്തം തട്ടിപ്പറിച്ച് കാല്‍മുട്ടില്‍ വച്ച് രണ്ടായൊടിച്ചു. കഷണങ്ങള്‍ തറയിലേക്കു വലിച്ചെറിഞ്ഞു.
പക്ഷേ, ഗെക്ക് ഒരു പരുന്തിനെപ്പോലെ ചുക്കിന്റെ നേരെ പറന്നു ചെന്ന് അവന്റെ കയ്യില്‍നിന്നു തകരപ്പെട്ടി വലിച്ചെടുത്തു. ജനല്‍പ്പടിയില്‍ ചാടിക്കയറി ജനലിന്റെ പുറത്തേക്ക് ഒരേറുകൊടുത്തു.

ചുക്കിന് ഭയങ്കര ദേഷ്യം വന്നു. 'കമ്പി ! കമ്പി !' എന്ന് ചെവി പൊട്ടുന്ന വിധം നിലവിളിച്ചുകൊണ്ട് അവന്‍ തൊപ്പിപോലും വെക്കാതെ പുറത്തേക്കോടി.
എന്തോ കുഴപ്പമുണ്ടെന്നു മനസ്സിലാക്കിയ ഗെക്കും പിന്നാലെ ഓടി.

പൊട്ടിച്ചുവായിക്കാത്ത കമ്പി അടങ്ങിയ ആ തകരപ്പെട്ടിക്കുവേണ്ടി അവര്‍ അവിടമെല്ലാം തിരഞ്ഞു. പക്ഷേ, ഫലമുണ്ടായില്ല.
അത് ഒന്നുകില്‍ മഞ്ഞിനടിയില്‍ ആണ്ടുപോയി, അല്ലെങ്കില്‍ വഴിയില്‍ വീണ് വഴിപോക്കരാരെങ്കിലും എടുത്തുകൊണ്ടുപോയി. ഏതായാലും പൊട്ടിക്കാത്ത കമ്പിയോടും മറ്റെല്ലാ നിധികളോടും കൂടി ആ പെട്ടി എന്നന്നേക്കുമായി നഷ്ടപ്പെട്ടു.............................................ബാക്കി  എന്തു നടന്നുവന്നറിയൻ  ഈ പുസ്തകം വായിക്കുക .തീർച്ചയായും നിങ്ങൾക്ക്  ഇഷ്ടപ്പെടും .നമ്മുടെ കുട്ടിക്കാലം തന്നെയാണ് ഈ കഥ  നല്കുന്ന സമ്മാനം .