2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

4.നമ്മുടെ ഈ ഭുമി



സാമൂഹ്യ പ്രശനങ്ങളെ നാം പഠനത്തിന്റെ അടിസ്ഥാന ഘടകങ്ങളായി പരിഗണിച്ചപ്പോള്‍ അതിനുസഹായകമായ തരത്തില്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ ഇനിയും ലഭ്യമാക്കിയിട്ടില്ല .പ്രത്യേകിച്ചുംപ്രൈമറി ക്ലാസ്സുകളില്‍ .കിട്ടുന്നതില്‍ ഏറെയും കുട്ടികളുടെ നിലവാരം പരിഗണിക്കാത്തതാണ്.വായിച്ചുമനസ്സിലാക്കാന്‍ പറ്റാത്തവയുംഅതീവമായി ലളിത വല്ക്കരിച്ചവയും .എന്നാല്‍ ഇക്കാര്യത്തില്‍ആശ്വസിക്കാവുന്ന ഒരു കൂട്ടം പുസ്തകങ്ങള്‍ എന്‍ ,ബി.ടി. പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ഒന്നിനെക്കുറിച്ച് ........നമ്മുടെ ഈ ഭുമി




ചെറിയ ക്ലാസ്സിലെ കുട്ടികള്‍ക്ക് പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച അറിവ് മടുപ്പില്ലാതെപകരുവാന്‍ സഹായകം. ലയീക് ഫത്തെഹള്ളി രചിച്ച ഈ കൃതി മലയാളത്തിലാ ക്കിയത് സുഗതകുമാരി ടീച്ചറാണ് .വെള്ളം ,വെള്ളം സൂക്ഷിക്കല്‍ ... ,നമുക്കും വേണം മരങ്ങള്‍........ എന്നി ആദ്യ രണ്ടുഅദ്ധ്യായങ്ങള്‍ പേര് സുചിപ്പിക്കുന്നത് പോലെ വെള്ളത്തിന്റെയും മരത്തിന്റെയും പ്രാധാന്യം ലളിതമായിവിവരിക്കുന്നു അവസാന അധ്യായം ചെറുതും പ്രസക്തവും ഭൂമിയെ നില നിര്‍ത്താന്‍ പ്രേരണനല്‍കുന്നതുമാണ് .ലളിതമായ ചിത്രങ്ങള്‍ ഈ കുഞ്ഞു വിജ്ഞാന കോശത്തെ ആകര്‍ഷകമാക്കുമ്പോള്‍ കാര്‍ ട്ടൂണുകള്‍സങ്കീര്‍ണ്ണമായ പല ആശയങ്ങളെയും കുട്ടികളുടെ മനസ്സില്‍ ഒട്ടിച്ചു വെക്കാന്‍ സഹായിക്കും . ഇത്തരംപുസ്തകങ്ങള്‍ കണ്ടെത്തി കുട്ടികളുടെ മുന്‍പില്‍ എത്തിക്കുവാന്‍ കഴിയുന്നവര്‍ക്ക് അറിവ് നിര്‍മ്മാണം അതി സങ്കീര്‍ ണ്ണമാവില്ല .

2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

3.അമ്മക്കുട്ടിയുടെ സ്കൂള്‍.



പുതിയ കാലത്തെ കുട്ടി അമ്മയുടെ സ്കൂളിനെ സ്വപ്നം കാണുന്ന ലഘു നോവലാണ് അമ്മക്കുട്ടിയുടെ സ്കൂള്‍.കെ ഐ ബീന രചിച്ച ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടാണ്.ടി ആര്‍ രാജേഷ് വരച്ച മനോഹരങ്ങളായ ചിത്രങ്ങള്‍ പുസ്തകത്തെ മനോഹരമാക്കുന്നു.

നിയന്ത്രണങ്ങളും വിലക്കുകളുംനിറഞ്ഞ സ്കൂളില്‍ പഠിക്കുന്ന കുട്ടിയാണ് അപ്പു.ഒരു ദിവസം സ്കൂള്‍ ബസ്സ് കിട്ടാതെ അവന് വീട്ടിലേക്ക് മടങ്ങേണ്ടി വരുന്നു.ടെലിവിഷന്റെ മുന്‍പില്‍ നിന്നും സ്വപ്നത്തിന്റെ ലോകത്ത് അവന്‍ എത്തുന്നു.അമ്മയില്‍ നിന്ന് പലപ്പോഴായി കേട്ട സ്കൂള്‍ അനുഭവങ്ങളും നാട്ടിടവഴികളുമാവാം അപ്പുവില്‍ ഇത്തരമൊരു സ്വപ്നം സൃഷ്ടിച്ചത്.

അമ്മക്കുട്ടി നാട്ടിന്‍ പുറത്തുകാരിയാണ്.അവളുടെ ബാല കൗതുകങ്ങള്‍ അത്ഭുതത്തോടെ നിരീക്ഷിക്കുന്ന അപ്പുവിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഗ്രാമീണജീവിതത്തിന്റെ സൗഭാഗ്യങ്ങള്‍ രസകരമായും ഹൃദ്യമായും വിവരിക്കുന്നു.മഞ്ഞക്കടലിലെ മഞ്ഞത്തിരകള്‍ നെല്‍പ്പാടങ്ങളും നെല്‍ വയലുകളും അന്യമായവര്‍ക്കും സ്മരണയിലുളളവര്‍ക്കും മനസ്സിന് കുളിര്‍മ നല്കും.നെല്‍ക്കൂമ്പ് കുടിക്കലും നോക്കുകുത്തിയോടുളള വഴക്കിടലുംഅടി കിട്ടാതിരിക്കാനുളള കളളിമുളള് വിദ്യയുമെല്ലാംപോയ കാലത്തിന്റെ രസകരമായ വായന നല്‍കും.സര്‍ക്കാര്‍ സ്കൂളിന്റെ സ്വതന്ത്ര്യവും അവിടെ അഭ്യസിക്കുന്ന സാമൂഹ്യജീവിതത്തിന്റെ ബാല പാഠങ്ങളും പുസ്തകം പറഞ്ഞുതരും.

ഗ്രാമജീവിതത്തിന്റെ സൗഭാഗ്യങ്ങള്‍ നഷ്ടമായ കുഞ്ഞുങ്ങള്‍ക്ക്ഈ നോവല്‍ മികച്ച അനുഭവം നല്‍കും.സ്വന്തം അനുഭവങ്ങളെ വിവരിക്കുവാനുളള മാതൃക പുസ്തക വായന നല്കും.


2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

2014.2.എഴുതി പഠിക്കാം വിജയം വരിക്കാം

നന്നായി എഴുതാന്‍ കഴിയുന്നത്ഒരുകലയാണ്.ഈകലാ പരിശീലനത്തിനുളള വഴികാട്ടിയാണ് എഴുതി ചഠിക്കാം വിജയം വരിക്കാം  എന്ന പുസ്തകം.മലയാളത്തിന്റെ പ്രീയപ്പെട്ട എഴുത്തുകാരന്‍ എസ് ശിവദാസ് മാഷാണ് ഈ പുസ്തകത്തിന്റെ രചയിതാവ്.ആശയ വിനിമയ കലയിലെ പ്രധാന ഇനമായ എഴുത്തിന്റെ വഴിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മുന്നേറുവാനുളള മാര്‍ഗ്ഗങ്ങള്‍ കഥകളില്‍ ചാലിച്ച് പുസ്തകം പറഞ്ഞു തരും.പന്ത്രണ്ട് അധ്യായങ്ങളിലായ് എഴുത്തിന്റെ  വഴിയില്‍ എത്താനുളള കുഞ്ഞ് കുഞ്ഞ് ചൂണ്ടുപലകകള്‍......

എഴുതി പഠിക്കാം വിജയം വരിക്കാം എന്ന ഒന്നാം അധ്യായം എഴുതാനാഗ്രഹിക്കുന്നവരുടെ ഉളളിലുയരുന്ന ചോദ്യങ്ങള്‍ക്ക് ശിവദാസ് മാഷ്, അദ്ദേഹത്തിന്റെ മനോഹരമായ ശൈലിയില്‍ നല്‍കുന്ന ഉത്തരങ്ങളാണ്.അനുഭവങ്ങളുടെ കരുത്തില്‍നീളുന്ന ഉത്തരങ്ങള്‍ ഏതൊരാളേയും ആകര്‍ഷിക്കും. അത് ഭാവി എഴുത്തിനെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്യും.ഏത് തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കും നന്നായി എഴുതാനുളള കഴിവ് ഉപകരിക്കുന്നതിന്റെ ഉദാഹരണത്തോടെയാണ് ഈ അധ്യായം അവസാനിക്കുന്നത്.

ഭാഷാ പ്രേമം ശരിക്കുണ്ടായാല്‍ പിന്നെ അത് ഒരിക്കലും നശിക്കില്ല.ഒരിക്കലും അതിന്റെ ശക്തി കുറയുകയില്ല.പ്രേമിക്കും തോറും പ്രേമം കൂടും.ഭാഷ ഉപയോഗിക്കും തോറും ഭാഷ കൂടുതല്‍ വഴക്കമുളളതാകും.നമുക്കായി മാറും.മനോഹരിയായി രൂപപ്പെടും.നാം നന്നായി ഭാഷ നിരന്തരമായി ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ മയപ്പെട്ട് പതം വന്ന് നമുക്ക് മാത്രമായി മനോഹരമായ രൂപം പൂണ്ട് അവതരിക്കും. ശിവദാസ് മാഷില്‍ ഇങ്ങനെ ഭാഷ രൂപപ്പെട്ടതിന്റെ ജീവിത വഴികള്‍ ഭാഷ രസിച്ചു പഠിച്ച കഥയിലൂടെ വായിക്കാം.

എഴുത്തിന്റെ വഴിയില്‍ ലോകത്തിന് വെളിച്ചം പകര്‍ന്ന പ്രതിഭകളുടെ -വാല്മീകി,വ്യാസന്‍,കാളിദാസന്‍,ഈസോപ്പ്,ഷേക്സ്പിയര്‍,മാക്സിംഗോര്‍ക്കി,മൈക്കേല്‍ ഫാരഡേ-എഴുത്തിലെത്തിയ ജീവിതത്തെ അതീവ ഹൃദ്യമായി പുസ്തകം വിവരിക്കുന്നു.എഴുതുവാനുളള കഴിവ് പരിശോധിച്ച് മാത്രം കോഴ്സുകളില്‍ അഡ്മിഷന്‍ നല്‍കുന്ന വിദേശ അനുഭവം പത്താം അധ്യായം വിവരിക്കുന്നു.

എഴുതാന്‍ ആത്മ വിശ്വാസം ആവോളം പകര്‍ന്നു തരും അടുത്ത അധ്യായം.അനു ബന്ധമായി ചേര്‍ത്തിട്ടുളള എഴുത്തു കളരി ഇരുപത്തിയേഴ് രസകരമായ എഴുത്ത് പ്രവര്‍ത്തനങ്ങളുടെ സമാഹാരമാണ്.

കൊല്ലം കീര്‍ത്തി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല,രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വഴികാട്ടിയാണ്.കുട്ടികളുടെ എഴുത്തിനെ ഗുണപരമായി സ്വാധീനിക്കാവൂന്ന നിരവധി കാര്യങ്ങള്‍ ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു.വായിച്ചും പഠിച്ചും പരീക്ഷിച്ചും ചിന്തിച്ചും ഊഹിച്ചും ഭാവനയില്‍ കണ്ടുംലഭിക്കുന്ന പഴയതും പുതിയതുമായ അറിവിന് അക്ഷര രൂപം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുഹൃത്തും വഴി കാട്ടിയുമാവും ഈ ചെറു പുസ്തകം.

2014, ഫെബ്രുവരി 19, ബുധനാഴ്‌ച

2014 .1.സ്നേഹത്തിന്റെ ഭാണ്ഡം


"ഒറ്റയിരുപ്പിനു വായിച്ചു " എന്നുപറഞ്ഞാല്‍ പുസ്തകത്തെ ക്കുറിച്ച് നമ്മള്‍ക്ക് എന്ത് തോന്നും?മല യാളത്തില്‍ ഒരു പുസ്തകത്തെ ക്കുറിച്ച് ചെറിയ വാക്കില്‍ പറയാവുന്ന ഏറ്റവും ശക്തമായ നല്ല അഭിപ്രായം. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അനുഗ്രഹ സ്നേഹത്തിന്റെ ഭാണ്ഡം " വായിച്ചതിനു ശേഷം

പറഞ്ഞ അഭിപ്രായമാണ് ഇത്‌ ." പിന്നെ എന്താ പറയാനുള്ളത്" ."ആ കുട്ടിയെ സഹായിക്കണമെന്ന് തോന്നി ".അനുതാപം നിറഞ്ഞ ഈ വാക്കുകള്‍ ഏറെ ചോദിക്കുന്നതില്‍ നിന്ന് എന്നെ വിലക്കി.
വൃക്ക തകരാറിലായി ആശുപത്രിയിലായ റസിയയെ സഹായിക്കാന്‍ പ്രിയദ എന്ന കുട്ടുകാരി നടത്തുന്ന ശ്രമങ്ങളാണ് 'സ്നേഹത്തിന്റെ ഭാണ്ഡം ' എന്ന കഥ .തനുജ എസ് ഭട്ടതിരി രചിച്ച ഈ ചെറു പുസ്തകത്തിലെ ചിത്രങ്ങള്‍ വരച്ചത് സുധീര്‍ ആണ് .കുട്ടികളില്‍ മൂല്യങ്ങള്‍ വളര്‍ത്തുവാന്‍ ഉപദേശ ങ്ങളെക്കാള്‍ ശക്തവും പ്രയോജനകരവുമായ ആയുധം നല്ല പുസ്തകങ്ങളുടെ വായനയാണെന്ന് ഈ കൃതി വിളിച്ചു പറയുന്നു.തനിക്കും ചിലത് ചെയ്യാനാവുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുവാന്‍ ഇതിന്റെ വായന സഹായിക്കും.
'സ്നേഹിക്കുന്നവര്‍ വേദനിക്കുമ്പോള്‍ നമ്മള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് എങ്ങനെ ?'പ്രിയദയുടെ ഈ ചോദ്യം
നമ്മോടാണ് .ചുറ്റുമുള്ളവരോട് സ്നേഹവും കാരുണ്യവും ചൊരിയുന്ന കുഞ്ഞുങ്ങളെ രൂപപ്പെടുത്തുവാന്‍ ഇത്തരം പുസ്തകങ്ങള്‍ കണ്ടെത്തി നല്‍കേണ്ടത് മുതിര്‍ന്നവരുടെ ചുമതലയാണ് .