2011, നവംബർ 14, തിങ്കളാഴ്‌ച

കേരളത്തില്‍ കുയിലുകള്‍ അപ്രത്യക്ഷമാവുന്നുകേരളത്തില്‍ കുയിലുകള്‍ അപ്രത്യക്ഷമാവുന്നു
നെടുമ്പാശേരി: കേരളത്തില്‍ കുയിലുകളുടെ എണ്ണവും കുറയുന്നു. ഞായറാഴ്ച സംസ്ഥാന വ്യാപകമായി പക്ഷി നീരീക്ഷകര്‍ നടത്തിയ സര്‍വേയിലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവന്നത്. അതുപോലെ ഉപ്പന്റെ എണ്ണത്തിലും കുറവനുഭവപ്പെടുന്നുണ്ട്. ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാകാം ഇതിന് കാരണമെന്ന് പക്ഷിനിരീക്ഷണത്തിന് നേതൃത്വം നല്‍കിയ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഡോ.ദിലീപ്, കൊച്ചിന്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി സെക്രട്ടറി വിഷ്ണു പ്രിയന്‍ കര്‍ത്ത എന്നിവര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത്തരത്തില്‍ പക്ഷിനിരീക്ഷണം തുടര്‍ച്ചയായി നടത്തിയവര്‍ക്കാണ് വന പ്രദേശങ്ങളില്‍ പോലും പഴയതുപോലെ ഉപ്പനേയും കുയിലുകളേയും വേണ്ടത്ര കാണുവാന്‍ കഴിയാതെ പോയത്.എന്നാല്‍ പുതിയ ഇനങ്ങളില്‍പ്പെട്ട ദേശാടന പക്ഷികള്‍ കൂടുതലായി സംസ്ഥാനത്തേക്ക് എത്തിച്ചേരുന്നതായി കണ്ടെത്തി. വരണ്ട പ്രദേശങ്ങളില്‍ കൂടുതലായി കാണുന്ന പക്ഷികളും ഇത്തരത്തില്‍ പല ഭാഗത്തും എത്തുന്നുണ്ട്. ഇതില്‍ നിന്നും കേരളത്തിന്റെ പല പ്രദേശങ്ങളും കൂടുതല്‍ വരളുകയാണെന്ന് അനുമാനിക്കേണ്ടതുണ്ടെന്നും പക്ഷിനിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
അതുപോലെ മുറ്റത്തെ അഴുക്കുകളും മറ്റും കൊത്തിതിന്നുന്നതിനെത്തിയിരുന്ന അങ്ങാടിക്കുരുവികളും കുറയുന്നുണ്ട്. വീട് മുറ്റങ്ങളില്‍ നിന്ന് ഇവ അകലുന്നതിന് കൊതുക് തിരികളുടെ ഉപയോഗം കാരണമാകുന്നുണ്ട്. അങ്ങാടി കുരുവികളുടെ സാന്നിധ്യമുണ്ടായപ്പോള്‍ കൊതുകുകളുടെ എണ്ണവും കുറഞ്ഞിരുന്നതാണ്. ഇടതൂര്‍ന്നുളള മരങ്ങള്‍ പലയിടത്തും കുറയുന്നത് പല പക്ഷികളും കടന്നുവരാത്തതിന് മറ്റൊരു കാരണമാകുന്നുണ്ട്. ചതുപ്പ് നിലങ്ങള്‍ കുറഞ്ഞുവരുന്നതും ചിലയിനം പക്ഷികളുടെ വരവ് കുറയാന്‍ കാരണമാകുന്നു. ചില പ്രദേശങ്ങളില്‍ വിവിധ ഇനം മൈനകളെ കൂടുതലായി കണ്ടെത്തുവാനും കഴിഞ്ഞിട്ടുണ്ട്.
തട്ടേക്കാട് പക്ഷിനിരീക്ഷണ കേന്ദ്രത്തിലേക്ക് പഴയതുപോലെ പക്ഷിനിരീക്ഷകര്‍ക്ക് പ്രവേശനം നല്‍കുന്നില്ലെന്ന പരാതിയും ഉയര്‍ന്നുവന്നു. ചില ഉദ്യോഗസ്ഥര്‍ അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കു മാത്രമാണ് ഇവിടേയ്ക്ക് പ്രവേശനം നല്‍കുന്നത്. അതുകൊണ്ടു തന്നെ ഇവിടത്തെ പക്ഷി ആവാസ വ്യവസ്ഥകളെക്കുറിച്ചും മറ്റും പംനം നടത്തുവാന്‍ കഴിയാത്ത അവസ്ഥയുമാണ്. 

2011, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

ഉണ്ടനും ഉണ്ടിയും പുലിയച്ചനും........

undiഉണ്ടനും ഉണ്ടിയും പുലിയച്ചനും എന്ന ചിത്രപുസ്തകം കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടും എന്നു തീര്‍ച്ച. കഥാകവിത എന്ന പുതിയ ആഖ്യാനശൈലിയാണ് ഇതില്‍ സിപ്പി പള്ളിപ്പുറം അനുവര്‍ത്തിച്ചിരിക്കുന്നത്. ടി ആര്‍ രാജേഷിന്റെ മനോഹരമായ ചിത്രങ്ങള്‍ കഥയ്ക്ക് കൂടുതല്‍ മിഴിവേകുന്നു.കൌശലം കൊണ്ട് ഏതു പുലിയേയും കീഴടക്കാം എന്ന കഥയ്ക്കൊപ്പം തന്നെ മനുഷ്യന്റെ ആര്‍ത്തിയും ചതിക്കാനുള്ള ത്വരയും അവസാന ചോദ്യത്തിലൂടെ കുട്ടികള്‍ക്കു മുന്നില്‍ വയ്ക്കാന്‍ പുസ്തകം തയ്യാറാകുന്നു.
ഉണ്ടനും ഉണ്ടിയും നെയ്യപ്പം തിന്നാന്‍ കൊതിയായി. അവര്‍ നെയ്യപ്പമുണ്ടാക്കാനുള്ള വിറകിനായി കാട്ടിലേക്കു പോകുന്നു. അവിടെ വച്ചു പുലിയച്ചന്‍ അവരെ സഹായിക്കുന്നു. അതിനുള്ള നന്ദിയായി ഉണ്ടാക്കിയ നെയ്യപ്പത്തിന്റെ പങ്ക് പുലിയച്ചന് കൊടുക്കാമെന്നു വാക്കു പറയുന്നു. പുലിയച്ചന്‍  തിന്നാല്‍ കൊതിയോടെ വരുമ്പോള്‍...പിന്നെ എന്തു സംഭവിക്കുന്നു എന്നത് വായിച്ചു തന്നെ അറിയണം.

2011, ജൂലൈ 3, ഞായറാഴ്‌ച

മേരി ക്യൂറി

പഠിച്ച് ഉയരങ്ങളിലെത്തണമെന്നായിരുന്നു ബ്രോണിയുടെയും മേരിയയുടെയും ആഗ്രഹം. എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക പരാധീനത ഇതിന് എന്നും തടസ്സമായിരുന്നു. റഷ്യയുടെ അധീനതയിലുള്ള പോളണ്ടിലാണ് ഈ രണ്ടു പെണ്‍കുട്ടികളും ജീവിച്ചത്. ഉപരിപഠനത്തിന് പോളണ്ടില്‍ അവസരമില്ല. പാരീസില്‍ പോകണം. അതിന് പണം വേണം. വൈദ്യശാസ്ത്രം പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് ബോണിയക്ക്. പണമില്ലാത്തത് ഈ ആഗ്രഹം ഉപേക്ഷിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നു. എന്തും സഹിച്ച് ചേച്ചിയുടെ ആഗ്രഹം നടത്തണമെന്ന ദൃഢനിശ്ചയത്തില്‍ മേരിയയും." അവള്‍ പറഞ്ഞു: "കൈയിലുള്ള പണവുമായി ചേച്ചി പാരീസിലേക്ക് പോകൂ. നാല് വര്‍ഷം പഠിക്കാനുള്ള പണം ഞാന്‍ അയച്ചുതരാം." സ്വന്തം സഹോദരിയുടെ പഠനത്തിന്റെ ചുമതലകള്‍ ഏറ്റെടുത്ത മേരിയയെ കൂട്ടുകാര്‍ അ റിയും. (മാഡം ക്യൂറി)എന്ന പേരില്‍ പിന്നീട് ലോകമറിയുന്ന ശാസ്ത്രജ്ഞയായി അവര്‍ മാറി. യുനെസ്കോയ്ക്കുവേണ്ടി ന്യൂസയന്റിസ്റ്റ് മാഗസിന്‍ 2009ല്‍ നട ത്തിയ വോട്ടെടുപ്പില്‍ ശാസ്ത്രത്തില്‍ ഏറ്റവും കൂടുതല്‍ ആവേശം കൊള്ളിക്കുന്ന വനിതയായി മേരിക്യൂറി തെരഞ്ഞെടുക്കപ്പെട്ടു. ജൂലായ് നാല് മേരി ക്യൂറിയുടെ ചരമദിനമാണ്. ഐക്യരാഷ്ട്ര സഭ 2011 രസതന്ത്ര വര്‍ഷമായി പ്രഖ്യാപിക്കാനുള്ള കാരണങ്ങളിലൊന്ന് മേരിക്യൂറിക്ക് രസതന്ത്രത്തില്‍ നോബല്‍ സമ്മാനം ലഭിച്ചതിന്റെ നൂറാം വാര്‍ഷികമാണ് എന്നതാണ്. 


 മേരി ക്യുരിയുടെ  ജീവചരിത്രം ലഘുവായി വിശദീകരിക്കുന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ചത് ശാസ്ത്ര സാഹിത്യ പരിഷത്താണ്  2011, ജൂൺ 21, ചൊവ്വാഴ്ച

എന്റെ കൈപിടിക്കാന്‍ പേടിക്കുന്നതെന്താ?

ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവരോട്‌ എങ്ങനെ പെരുമാറണമെന്ന കാര്യത്തില്‍ കൂടുതല്‍ പേര്‍ക്കും സംശയമാണ്. അവരുടെ ഭീതി, സംശയങ്ങള്‍, തെറ്റിദ്ധാരണകള്‍ തുടങ്ങിയവയ്ക്കെല്ലാമുള്ള ഉത്തരം തേടലാണ് മനോഹരമായ ഈ പുസ്തകം
Ente-kai

വില :20:00
രചന : ഷീല ധിര്‍ 

2011, ജൂൺ 20, തിങ്കളാഴ്‌ച

നമുക്ക് വളയാതെ വളരാം !

!

J
ഈ ഒരാഴ്ച സര്‍ക്കാര്‍ വായനാവാരമായി പ്രഖ്യാപിച്ചിരിരിക്കുന്നു. ഒന്നിനും സമയമില്ലാത്ത മലയാളിക്ക് വായിക്കാനെപ്പോഴാണ് സമയം!!  വായന ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്. പുസ്തക ശേഖരന്‍മാരുടെ ചില്ലിട്ട അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്തകം ഒന്നും കൈമാറുന്നില്ല. വെറുതെ ഇരിക്കുന്ന പുസ്തകം നിശ്ചലമാണ്. വ്യക്തമായ ഒരര്‍ഥം അപ്പോള്‍ പുസ്തകത്തിനില്ല. വായനക്കാരന്റെ ദിവ്യസ്പര്‍ശം ഏല്‍ക്കുന്നതോടെ പുസ്തകം ഉണരാന്‍ തുടങ്ങുന്നു.
പുസതകത്താളുകളോടൊപ്പം വായനയ്ക്ക് മറ്റ് സങ്കേതങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. വായന മരിക്കുന്നില്ല. വായനയുടെ സങ്കേതം മാറുന്നു എന്നു മാത്രം. ഇനി ഇ-വായനയുടെ നാളുകളാണ്. മുത്തശ്ശി കുഞ്ഞുങ്ങളോട് കഥ പറഞ്ഞുകൊടുക്കുന്നതുപോലെ..കഥയില്‍ നിന്ന് ശ്രദ്ധ തിരിഞ്ഞാല്‍ പാട്ടുപാടിക്കൊടുക്കും. ചിലപ്പോള്‍ നമ്മള്‍ത്തന്നെ മുത്തശ്ശിക്കഥയിലെ കഥാപാത്രമായെന്നു വരാം. കഥകളില്‍ നിന്ന് ഉപകഥകളിലൂടെ മുത്തശ്ശി വഴിമാറി സഞ്ചരിച്ചുകൊണ്ടിരിക്കും. എങ്കിലും കഥാഗതി ഒരിക്കലും മുഖ്യചട്ടക്കൂടില്‍ നിന്ന് വഴിമാറിയിരുന്നില്ല. ഇതേപോലെ തന്നെയാണ് ഇ-വായനയും . ഹൈപ്പര്‍ലിംങ്കുകള്‍ വഴി ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്. ഇന്ന് മലയാളത്തില്‍ ഏറ്റവും ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നത് ബ്ലോഗുകളിലും സോഷ്യല്‍മീഡിയയിലുമാണ്. ഇവിടെയും നടക്കുന്നത് വായനതന്നെ.
ഒരു പുസ്തകം നിലനില്‍ക്കുന്നത് വസ്തുയാഥാര്‍ഥ്യം എന്ന നിലയിലല്ല. ഇമേജുകളോ ആശയങ്ങളോ ആയിട്ടാണ് അതിന്റെ നിലനില്‍പ്പ്. ഒ. വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം,  മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്നീ പേരുകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ പ്രതിഫലിക്കുന്നത് കടലാസുകള്‍ കൂട്ടിക്കെട്ടിയ വസ്തുവിനെയല്ല മറിച്ച് ആ പുസ്തകം നമുക്ക് സമ്മാനിച്ച അനുഭൂതികളും വിക്ഷോഭങ്ങളുമായിരിക്കും. ഒരു പുസ്തകം കൈമാറുന്നത് ഒരു സംസ്‌കാരമാണ്.  ഒരു തലമുറയെ വായിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച് ഗ്രന്ഥശാലാ പ്രസ്ഥാനത്തിനുള്ള പങ്ക് നിസ്സീമമാണ്. നല്ല വായന തന്നെയാവണം പുതിയ ഒരു തലമുറയെയും നയിക്കേണ്ടത്. നമ്മുടെ വിദ്യാലയങ്ങളില്‍ മുമ്പ് ലൈബ്രറി ഒരു പാഠ്യവിഷയം തന്നെയായിരുന്നു. ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ കുട്ടികളെ നിര്‍ബന്ധമായും ഗ്രന്ഥശാല ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചിരുന്നു.  ഇന്നത് നഷ്ടമായി.  നമ്മള്‍ ഒന്നും ചെയ്യാതെ വായന മരിക്കുന്നു എന്ന് മുറവിളി കൂട്ടിയിട്ട് ഒരു കാര്യവുമില്ല. ഒരു വായനാവാരത്തിലൂടെ കൂടി കടന്നു പോകുമ്പോള്‍ പുതിയതലമുറയെ എങ്ങനെ നല്ല വായനാസംസകാരമുള്ളവരാക്കാം എന്ന ചിന്തയ്ക്കാവണം മന്‍തൂക്കം കൊടുക്കേണ്ടത്. കുഞ്ഞുണ്ണിമാഷിന്റെ വരികള്‍ നമുക്കിവിടെ സ്മരിക്കാം
‘വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചുവളര്‍ന്നാല്‍ വിളയും, വായിക്കാതെ വളര്‍ന്നാല്‍ വളയും’

2011, ജൂൺ 15, ബുധനാഴ്‌ച

വായനയ്ക്ക് ഒരു പ്ലാനിങ്ങ്

വിശ്വപ്രസിദ്ധ കഥാകാരനും നോവലിസ്റ്റുമായിരുന്ന ആന്റണ്‍ ചെക്കോവിന്റെ കഥകളില്‍ ശ്രദ്ധേയമായ ഒരു കഥയാണ് "ദി ബെറ്റ്" - പന്തയം. പന്തയം വെച്ച് വര്‍ഷങ്ങളോളം തടവറയില്‍ കഴിയാന്‍ കഥാനായകന്‍ തയ്യാറായത് വന്‍തുക ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ തടവറയ്ക്കകത്തുവെച്ച് വായിച്ചുതീര്‍ത്ത പുസ്തകങ്ങളിലൂടെ താന്‍ ഏതുവലിയ പണക്കൂമ്പാരത്തേക്കാളും സമ്പന്നനായിത്തീര്‍ന്നു എന്ന് പ്രഖ്യാപിച്ച്, പന്തയം തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ തടവറയ്ക്കകത്തുനിന്ന് ഇറങ്ങിനടന്ന് നാട്ടുകാരെ വിസ്മയിപ്പിച്ച ഒരാളുടെ കഥയാണിത്. പുസ്തകങ്ങള്‍ അറിവിന്റെ ഉറവിടങ്ങളാണ്. പുസ്തകങ്ങള്‍ സംസാരിക്കും. കഴിഞ്ഞ കാലത്തെക്കുറിച്ച്, ലോകത്തെയും അതിലെ മനുഷ്യരെയും കുറിച്ച്. പുസ്തകങ്ങളില്‍ സംഗീതമുണ്ട്. ശാസ്ത്രത്തിന്റെ വെളിച്ചമുണ്ട്. അറിവിന്റെ അക്ഷയഖനികളുണ്ട്. അറിവിനെ കോരിയെടുത്ത് ആസ്വദിച്ച് വളരാന്‍ കൂട്ടുകാര്‍ക്ക് കഴിയണം. അതിന് ഒരേയൊരു വഴിയേയുള്ളൂ. വായന. പാഠപുസ്തകങ്ങളില്‍ നിന്നു ലഭിക്കുന്ന അറിവിനും അനുഭവങ്ങള്‍ക്കും പരിമിതിയുണ്ട്. പരന്ന വായന വിശാലമായ അനുഭവങ്ങളുടെ തുറന്ന ആകാശത്തേക്കാണ് നമ്മെ നയിക്കുക. അതിരുകളില്ലാത്ത സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ലോകത്തേക്ക് അക്ഷരങ്ങളിലൂടെ എത്തിച്ചേരാനാകും. ക്ലാസ് മുറിയില്‍ തന്നെ വായന നടക്കണം. വിചിന്തനം നടക്കണം. അതിനോ, ക്ലാസ്മുറിയില്‍ തന്നെ വായനശാലയുണ്ടാകണം, ക്ലാസ് ലൈബ്രറിയുണ്ടാകണം. കുട്ടികള്‍ക്ക് വായിച്ച് ആസ്വദിക്കാനും മനസ്സിലാക്കാനും ചര്‍ച്ചചെയ്യാനും പറ്റുന്ന കൃതികളാകണം ക്ലാസ് ലൈബ്രറിയില്‍ . ഇങ്ങനെ പുസ്തകങ്ങള്‍ കണ്ടും തൊട്ടെടുത്തും മണത്തും ചിത്രങ്ങള്‍ കണ്ടും കുറച്ചു വായിച്ചും കൂടുതല്‍ വായിച്ചും ആഴത്തില്‍ വായിച്ചും ആസ്വദിച്ച് ചിരിച്ചും ചിന്തിച്ചും തര്‍ക്കിച്ചും കൂട്ടുകാര്‍ക്ക് പുസ്തകങ്ങളുമായി കൂട്ടുകൂടാനാകട്ടെ! പുസ്തകക്കൂട്ട് നിങ്ങളെ വലിയവരാക്കും, തീര്‍ച്ച. പുസ്തകങ്ങള്‍ക്ക് നിങ്ങളോടൊത്ത് കഴിയണമെന്നുണ്ട്. പുസ്തകങ്ങളോട് കൂട്ടുകൂടാനുള്ള അവസരമൊരുക്കുകയാണ് വായന വാരം. 
വായനയ്ക്ക് ഒരു പ്ലാനിങ്ങ്പ്രൊഫ. എസ് ശിവദാസ്

ഇത് വിവര വിസ്ഫോടന യുഗം. അറിവിന്റെ യുഗം. അതിവേഗം ലോകം വികസിക്കുന്ന കാലം. അങ്ങനെയുള്ള കാലത്ത് എത്ര വേഗത്തില്‍ , എത്ര നന്നായി എത്രയേറെ അറിവ് നേടാമോ അത്രയും നേടണം. അങ്ങനെ വളരണം. മൗലികതയുള്ളവരായി മാറണം. അതിന് വായനശീലം വളര്‍ത്തുകയല്ലാതെ വേറെ വഴിയില്ല.

വായനക്കും വേണം പ്ലാനിങ്

ഏതു പരിപാടിയും വിജയിക്കണമെങ്കില്‍ ഒരു പ്ലാനിങ് വേണം. വായന വിജയിക്കാനും വേണം അത്തരമൊരു പ്ലാന്‍ . വ്യക്തിക്കും സമൂഹത്തിനും വേണം അത്തരം പ്ലാന്‍ . വിദ്യാര്‍ഥിക്കും വിദ്യാലയത്തിനും വീടിനും വേണം വായനപോഷണ പരിപാടി. എന്തു വായിക്കണം, എത്ര വായിക്കണം, എങ്ങനെ വായിക്കണം എന്നെല്ലാം ചിന്തിച്ച് രൂപപ്പെടുത്തുന്ന വായനക്കുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനും നാം തയ്യാറാകണം.

എന്തു വായിക്കണം

 എന്തു വായിക്കണം എന്നതിന് ഒരു ചര്‍ച്ചയോ തര്‍ക്കമോ ഒന്നും ആവശ്യമില്ല. നല്ല ഗ്രന്ഥങ്ങളാണ് വായിക്കേണ്ടത്. ഉത്തമ ഗ്രന്ഥങ്ങള്‍ മനുഷ്യനെ ദേവനാക്കും; അധമഗ്രന്ഥങ്ങള്‍ മനുഷ്യനെ പിശാചാക്കും. മനുഷ്യനെ ഉയര്‍ത്തുന്ന ഗ്രന്ഥങ്ങളാണ് ഉത്തമ ഗ്രന്ഥങ്ങള്‍ . അറിവ് നേടുക ആനന്ദകരമായ ഒരു അനുഭവമാണ്. ആ ആനന്ദം പകരുന്ന അമൃത കുംഭങ്ങളാണ് ഉത്തമ ഗ്രന്ഥങ്ങള്‍ . എല്ലാ ശാഖകളില്‍ നിന്നുമുള്ള ഉത്തമഗ്രന്ഥങ്ങളുടെ ഒരു കലവറയാകണം സ്കൂള്‍ ലൈബ്രറി. അതുപയോഗിച്ച് ചിട്ടയായ വായന സ്കൂളില്‍ നടത്താനും വേണം പ്ലാനിങ്.

എത്ര വായിക്കണം

എത്ര വായിക്കണം എന്ന് കൃത്യമായി കണക്കാക്കാന്‍ പറ്റില്ല. സാഹചര്യവും തൊഴിലും ലക്ഷ്യവുമൊക്കെയനുസരിച്ച് അത് മാറും; മാറ്റണം. ബഹുഭൂരിപക്ഷം ജനങ്ങളും വായനയെപ്പറ്റി കാര്യമായി ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. നാളത്തെ ലോകത്തിന്റെ സാരഥികളാകേണ്ട വിദ്യാര്‍ഥികളെങ്കിലും വായനയെ ഗൗരവമായി കണ്ടേ പറ്റൂ. പല കുട്ടികളും പാഠപുസ്തകങ്ങള്‍ മാത്രം വായിക്കുന്നവരാണ്. പൊതുവായ വായനയെപ്പറ്റി അവര്‍ ചിന്തിക്കണം.

വായനക്കും വേണം പരിശീലനം

വായനയെപ്പറ്റി ഒരു കാര്യം കൂടി അറിയേണ്ടതുണ്ട്. വായന ടിവി കാണുംപോലെ എളുപ്പമുള്ള പണിയല്ല. വായനശീലം വളര്‍ത്തണം. അതിന് പരിശീലനം ആവശ്യമാണ്. അക്ഷരം പഠിക്കുംമുമ്പ് ആ പരിശീലനം തുടങ്ങണം. ആദ്യം വായിച്ചു കേട്ട് ആസ്വദിക്കണം. അങ്ങനെ പുസ്തക സംസ്കാരം വളര്‍ത്ത ണം. പിന്നെ വായിച്ചുതുടങ്ങണം. ആ ദ്യമാദ്യം അത് വളരെ വിഷമമുള്ള ഒരു പ്രവൃത്തിയായി തോന്നും. എന്നാല്‍ സാവധാനം വായന എളുപ്പമാകും. പിന്നെ അത് രസക രമാകും. പിന്നെ അത് ഒരു ലഹരിയാകും, ആവേശമാ കും. അപ്പോള്‍ വായ ന ഒരു തപസ്സായി മാറും. അതിലൂടെ വളരാനും കഴിയും.

2011, ഏപ്രിൽ 19, ചൊവ്വാഴ്ച

91 . സ്വപ്നം വരച്ച കുട്ടി


കുഞ്ഞുങ്ങളുടെ  മനസ്സുമായി എഴുതുന്ന വരികള്‍ക്കെ അവരെ തൊട്ടു നില്ക്കാന്‍ കഴിയൂ.    
താളത്തിലും ഈണത്തിലും ചൊല്ലാന്‍ കൂടി കഴിയുമ്പോള്‍ കുട്ടികള്‍ കവിതകള്‍ ഏറ്റെടുക്കും .അത്തരത്തില്‍
 കുഞ്ഞുങ്ങള്‍ ക്ക്  ഇഷ്ടപ്പെടുന്ന     28      കവിതകളുടെ സമാഹാരമാണ്  സ്വപ്നം വരച്ച കുട്ടി

2011, മാർച്ച് 18, വെള്ളിയാഴ്‌ച

90 . സൗര യൂഥം

 സൗരയൂഥം  ഒരു ചെറിയ ശാസ്ത്ര പുസ്തകമാണ് .ഇതില്‍   സൌരയൂഥത്തെ  കുറിച്ചുള്ള പ്രാഥമിക  വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു .എല്‍ .പി.ക്ലാസ്സുകളിലെ കുഞ്ഞുങ്ങള്‍ക്ക്‌  സ്വയം വായിച്ചു  മനസ്സിലാക്കുവാന്‍ കഴിയും വിധം ലളിതമായ വിവരണം .ഫോട്ടോകളും ചിത്രങ്ങളും കുട്ടികളില്‍  ആശയ രൂപീകരണത്തിനു സഹായിക്കും .
ഡി .സി. ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ വില 28 രൂപയാണ് .ഒരു വിദേശ പുസ്തകത്തിന്റെ മലയാള രൂപമാണിത് .

89 . മംഗുവിന്റെ പമ്പരം

 രസമുള്ള ഒരു കളിപ്പാട്ടം വേണമെന്ന് ആഗ്രഹിച്ചു നടന്ന കുട്ടിയായിരുന്നു മംഗു.അവന് അത്  വാങ്ങി കൊടുക്കുവാന്‍  രക്ഷിതാക്കള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും  അവരുടെ സാമ്പത്തിക സ്ഥിതി അതിനു അവരെ അനുവദിച്ചില്ല .അങ്ങനെയിരിക്കെ അവന് ഒരു  പഴയ പമ്പരം  ലഭിച്ചു അതിന്റെ കഥയാണ്   മംഗുവിന്റെ പമ്പരം .

2011, മാർച്ച് 16, ബുധനാഴ്‌ച

88. വിഡ്ഢികളുടെ സ്വര്‍ഗം

ചില്‍ ട്രെന്‍സ്  ബുക്ക് ട്രസ്റ്റ്‌  പ്രസിദ്ധീകരിച്ച    വിഡ്ഢികളുടെ സ്വര്‍ഗം  , ശങ്കര്‍  രചിച്ച പുസ്തകമാണ് .അകവൂര്‍ നാരായണന്‍  മലയാളത്തിലേക്ക്  മൊഴി മാറ്റം നടത്തിയിരിക്കുന്നു.
മനുഷ്യരുടെ വിഡ്ഢി ത്തങ്ങളാണ് ഇതിലെ എല്ലാ ചെറിയ കഥകളുടെയും ഉള്ളടക്കം .ചിന്താ രഹിതമായ പ്രവര്‍ത്തികള്‍ ജനിപ്പിക്കുന്ന അബദ്ധങ്ങള്‍ ചിരിക്കൊപ്പം  ചിന്തയും ഉണര്‍ത്തും .പുതിയ ജീവിത പാഠ ങ്ങള്‍ പ്രദാനം ചെയ്യുന്ന 12  കഥകള്‍ ഇതിലുണ്ട് .അനുയോജ്യമായ  ചിത്രങ്ങള്‍  കഥകള്‍ക്ക്  ദൃശ്യാനുഭവ   പ്രതീതി  ജനിപ്പിക്കുന്നവയാണ്.3 ,4  ക്ലാസ്സിലെ കുട്ടികള്‍ക്ക് സ്വയം വായിച്ചു രസിക്കാവുന്ന പുസ്തകം .
ഒരു കഥ വായിക്കു...................................

...

,          

2011, മാർച്ച് 15, ചൊവ്വാഴ്ച

87. തീവണ്ടിയും കുതിരയും

കേരള ശാസ്ത്ര സാഹിത്യ പരിഷത്  പ്രസിദ്ധീകരിച്ച  പുസ്തക പൂമഴ  കൂട്ടത്തിലെ  അംഗമാണ് .     തീവണ്ടിയും കുതിരയും .തീവണ്ടി  സിഗ്നല്‍ കാത്തു   കിടക്കുമ്പോള്‍      അടുത്ത് പുല്ലുതിന്നു  കൊണ്ടിരിക്കുന്ന കുതിരയെ ശ്രെദ്ധിക്കുന്നു .കുതിര ഇതൊന്നുമറിയാതെ  പുല്ലു തിന്നു കൊണ്ടേയിരിക്കുന്നു  .കുട്ടികള്‍ കുതിരയുടെ അടുത്ത് പ്രകടിപ്പിക്കുന്ന സ്നേഹം തീവണ്ടിയില്‍ ഉളവാക്കുന്ന മാറ്റം  ,അതാണ് കഥയുടെ ഉള്ളടക്കം .ചുറ്റും കാണുന്ന സംഭവങ്ങളെ മനസ്സില്‍ ഒരുക്കി  രൂപപ്പെടുത്തുന്ന  ഇത്തരം രചനകള്‍ കുട്ടികള്‍ക്ക് ഭാവനയുടെ പുതിയ വഴികള്‍  തിരഞ്ഞെടുക്കുവാന്‍  സഹായിക്കും.ചിത്രങ്ങളുടെ ശരിയായ  സാന്നിധ്യം പുസ്തകത്തെ കുഞ്ഞുങ്ങളുടെ ഹൃദയത്തോടെ ചേര്‍ത്ത് നിര്‍ത്തുവാന്‍ ഏറെ  സഹായിക്കും .മലയാളത്തില്‍ ഒട്ടേറെ ബാലസാഹിത്യ കൃതികള്‍ ഉണ്ടെങ്കിലും കുട്ടികളെ പരിഗണിച്ചുള്ളവ കുറവാണ് എന്നതിന്  അപവാദവു മാണ്‌  ഈ കുഞ്ഞു പുസ്തകം.           

2011, മാർച്ച് 14, തിങ്കളാഴ്‌ച

85, മോഹിനിയും അസുരനും

രാക്ഷസനെ തോല്‍പ്പിക്കുന്ന കഥകള്‍  എല്ലാ കുട്ടികള്‍ക്കും ഇഷ്ടമാണ് .തലയില്‍ തൊട്ട്മനുഷ്യരെ ഇല്ലാതാക്കുന്ന  ഭസ്മാസുരനെ  മോഹിനി എന്നാ പെണ്‍  കുട്ടി ഇല്ലാതാക്കുന്ന കഥയാണ്  മോഹിനിയും അസുരനും.കഥയ്ക്ക്  അനുയോജ്യമായ ,വ്യത്യസ്തമായ  ചിത്രങ്ങള്‍ പുസ്തകത്തിന്റെ പ്രധാന സവിശേഷതയാണ്.
മോഹിനിയുടെ ഗ്രാമ വാസികള്‍  ഭസ്മാസുരനെ ഭയന്നാണ്  ജീവിച്ചിരുന്നത് .മറ്റുള്ളവരില്‍ നിന്നും രാക്ഷസനെ പറ്റിയുള്ള വിവരങ്ങള്‍ അവള്‍ നേടുന്നു.രാക്ഷസനെ ഇല്ലാതാക്കാന്‍ അവള്‍ ആഗ്രഹിക്കുന്നു .ഗ്രാമവാസികളും ഗ്രാമത്തലവനും ആദ്യം എതിര്‍ത്തെങ്കിലും  മോഹിനിയുടെ     തീരുമാനത്തിന്    
മുന്‍പില്‍  അവരും കീഴടങ്ങുന്നു . കോട്ടയിലെത്തി    രാക്ഷസനെ ഇല്ലാതാക്കി   നാടിനെ   രക്ഷിക്കുന്നു  . 
ചെറിയ  കുട്ടികളുടെ   ഭാവനയും  സര്‍ഗാത്മകതയും  വികസിപ്പിക്കുന്നതിന്  ഇത്തരം  കഥകള്‍ക്ക്  പ്രധാന  പങ്കാണുള്ളത്  .കയ്യെഴുത്ത്  മാസികകള്‍  രൂപപ്പെടുത്തുന്ന  കുട്ടികള്‍ക്ക്  
ലേ  ഔട്ടില്‍  ദിശാ  ബോധം   നല്‍കുന്നതിനും   പുസ്തകം  ഉപകരിക്കും . 
     
     

2011, മാർച്ച് 13, ഞായറാഴ്‌ച

84. മുത്തിയമ്മ തുന്നുമ്പോള്‍

 ഹീബ്രു  ഭാഷയില്‍  എഴുതപ്പെട്ട മുത്തിയമ്മ  തുന്നുമ്പോള്‍   മലയാളത്തില്‍  എത്തിച്ചത്  എന്‍.ബി. ടി. ആണ് .യുറി ഓര്‍ ലേവ് എഴുതിയ പുസ്തകത്തെ മലയാളത്തിലാക്കിയത്  കെ.കെ. കൃഷ്ണ കുമാറാണ്ശിശു സൌഹൃദപരമായ ഉള്ളടക്കവും രചനാ ശൈലിയുമാണ് ഈ കഥാ ഗാനത്തിനു ഉള്ളത്.
പട്ടണത്തില്‍ എത്തുന്ന  മുത്തി അമ്മയാണ്  പ്രധാന  കഥാ പാത്രം.കയ്യിലൊരു മാറാപ്പും കമ്പിളി നുലും കൊരുത്ത് തുന്നുവാനുള്ള സൂചികള്‍  എന്നിവയു മായാണ് മുത്തിയമ്മ  പട്ടണത്തില്‍  എത്തുന്നത് .ചെറിയ  ചെറിയ  ആവശ്യങ്ങള്‍  മുതല്‍ വലിയ    ആവശ്യങ്ങള്‍ വരെ കമ്പിളി നൂലിനാല്‍  മുത്തശ്ശി രൂപപ്പെടുത്തുന്നു.  കമ്പിളി കുഞ്ഞുങ്ങളെ  പള്ളിക്കുടത്തില്‍  ചേര്‍ക്കുവാന്‍  സ്കൂളും  നഗര  സഭയും  സര്‍ക്കാരും  സമ്മതിക്കുന്നില്ല . മുത്തി  അമ്മയുടെ  വിശേഷങ്ങള്‍  അറിഞ്ഞ്‌ എത്തുന്നവരില്‍ നിന്ന് പണപ്പിരിവ് നടത്തുവാന്‍  നഗര സഭ ശ്രെമിക്കുന്നു. ദേഷ്യപ്പെട്ട് മുത്തിയമ്മ  നൂല് വലിച്ച്
എല്ലാം  ഇല്ലാതാക്കുന്നു.പട്ടണത്തില്‍ നിന്ന്യാത്രയായി എങ്ങോട്ടെന്നോ ? 
                    കേട്ട് മടുത്ത കഥകളില്‍ നിന്ന് വ്യത്യസ്തമായ  ഈ രചന പുതിയ വായനാ അനുഭവം നല്‍കും.ഭാവനയുടെ പുതിയ ലോകങ്ങള്‍ കീഴടക്കുവാന്‍ കുട്ടികളെ  ഇത്തരം രചനകള്‍  സഹായിക്കും.    

2011, മാർച്ച് 12, ശനിയാഴ്‌ച

83.എന്റെ ജീവിതം -ഒരു ചിത്ര ശലഭത്തിന്റെ കഥ

ഭൂഗോളത്തിലെ പ്രകൃതിയുടെ  സമ്മാനങ്ങളായ സകല  കുഞ്ഞുങ്ങള്‍ക്കും സമര്‍പ്പിച്ചിരിക്കുന്ന  പുസ്തകമാണ്  എന്റെ  ജീവിതം -ഒരു ചിത്ര ശലഭത്തിന്റെ കഥ  .പേര് സൂചിപ്പിക്കുന്നത് പോലെ ഒരു
ചിത്ര ശലഭത്തിന്റെ ആത്മ കഥയാണിത്‌ .അരളി ചെടിയുടെ അടിയില്‍ അരുമ കിങ്ങിണി പോലെ  തുങ്ങി ജീവിതത്തിലേക്ക് എത്തുന്ന കഥ യഥാര്‍ത്ഥമായ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തി വിവരിച്ചിരിക്കുന്നു .

2011, മാർച്ച് 9, ബുധനാഴ്‌ച

82. കൊക്കരക്കോ

രാമകൃഷ്ണന്‍   കുമരനെല്ലൂര്‍ രചിച്ച അമ്പതു കുട്ടിക്കവിതകളുടെ സമാഹാരമാണ്   കൊക്കരക്കോ.കുട്ടികള്‍ക്ക് അനുചിതമായ ഇതിവൃത്തവും താളവും  ഉള്‍ക്കൊള്ളുന്നതാണ്  ഇതിലെ വരികള്‍ . 


 മോഹം പോലെ തന്നെ ഓരോ കുഞ്ഞ്കവിതകളും കുട്ടിയുടെ കാഴ്ച കളോ അവന്റെ കണ്ണിലുടെ മുതിര്‍ന്നവരുടെ       
കാഴ്ചകളോ      ആണ്. കടം കഥകളുടെയും  പഴംചൊല്ലുകളുടെയും     സാമിപ്യം  ചില കവിതകളില്‍ കാണാം .തോണി,വണ്ടി,പാവക്കുട്ടി.തീ,.മൂങ്ങ,എലി  എന്നിവ അത്തരം രചനക്കുള്ള  ഉദാഹരണങ്ങളില്‍ ചിലതാണ്. താളത്തോടെ ചൊല്ലി രസിക്കാവുന്ന രചനകളും പുസ്തകം  കുട്ടികള്‍ക്ക് പ്രീയപ്പെട്ടതാക്കും  .   
പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പാഠ ഭാഗങ്ങളുമായി  ചേര്‍ത്ത് ഉപയോഗപ്പെടുത്താവുന്ന കുറെയധികം  കുഞ്ഞു കവിതകള്‍ ഈ പുസ്തകത്തിന്റെ സ്കൂള്‍ വായന ശാലയിലെ സ്ഥാനം ഉറപ്പിക്കും .