
വായനയ്ക്ക് ഒരു പ്ലാനിങ്ങ്
പ്രൊഫ. എസ് ശിവദാസ്
ഇത് വിവര വിസ്ഫോടന യുഗം. അറിവിന്റെ യുഗം. അതിവേഗം ലോകം വികസിക്കുന്ന കാലം. അങ്ങനെയുള്ള കാലത്ത് എത്ര വേഗത്തില്‍ , എത്ര നന്നായി എത്രയേറെ അറിവ് നേടാമോ അത്രയും നേടണം. അങ്ങനെ വളരണം. മൗലികതയുള്ളവരായി മാറണം. അതിന് വായനശീലം വളര്‍ത്തുകയല്ലാതെ വേറെ വഴിയില്ല.
വായനക്കും വേണം പ്ലാനിങ്
ഏതു പരിപാടിയും വിജയിക്കണമെങ്കില്‍ ഒരു പ്ലാനിങ് വേണം. വായന വിജയിക്കാനും വേണം അത്തരമൊരു പ്ലാന്‍ . വ്യക്തിക്കും സമൂഹത്തിനും വേണം അത്തരം പ്ലാന്‍ . വിദ്യാര്‍ഥിക്കും വിദ്യാലയത്തിനും വീടിനും വേണം വായനപോഷണ പരിപാടി. എന്തു വായിക്കണം, എത്ര വായിക്കണം, എങ്ങനെ വായിക്കണം എന്നെല്ലാം ചിന്തിച്ച് രൂപപ്പെടുത്തുന്ന വായനക്കുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനും നാം തയ്യാറാകണം.
എന്തു വായിക്കണം
എന്തു വായിക്കണം എന്നതിന് ഒരു ചര്‍ച്ചയോ തര്‍ക്കമോ ഒന്നും ആവശ്യമില്ല. നല്ല ഗ്രന്ഥങ്ങളാണ് വായിക്കേണ്ടത്. ഉത്തമ ഗ്രന്ഥങ്ങള്‍ മനുഷ്യനെ ദേവനാക്കും; അധമഗ്രന്ഥങ്ങള്‍ മനുഷ്യനെ പിശാചാക്കും. മനുഷ്യനെ ഉയര്‍ത്തുന്ന ഗ്രന്ഥങ്ങളാണ് ഉത്തമ ഗ്രന്ഥങ്ങള്‍ . അറിവ് നേടുക ആനന്ദകരമായ ഒരു അനുഭവമാണ്. ആ ആനന്ദം പകരുന്ന അമൃത കുംഭങ്ങളാണ് ഉത്തമ ഗ്രന്ഥങ്ങള്‍ . എല്ലാ ശാഖകളില്‍ നിന്നുമുള്ള ഉത്തമഗ്രന്ഥങ്ങളുടെ ഒരു കലവറയാകണം സ്കൂള്‍ ലൈബ്രറി. അതുപയോഗിച്ച് ചിട്ടയായ വായന സ്കൂളില്‍ നടത്താനും വേണം പ്ലാനിങ്.
എത്ര വായിക്കണം
എത്ര വായിക്കണം എന്ന് കൃത്യമായി കണക്കാക്കാന്‍ പറ്റില്ല. സാഹചര്യവും തൊഴിലും ലക്ഷ്യവുമൊക്കെയനുസരിച്ച് അത് മാറും; മാറ്റണം. ബഹുഭൂരിപക്ഷം ജനങ്ങളും വായനയെപ്പറ്റി കാര്യമായി ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. നാളത്തെ ലോകത്തിന്റെ സാരഥികളാകേണ്ട വിദ്യാര്‍ഥികളെങ്കിലും വായനയെ ഗൗരവമായി കണ്ടേ പറ്റൂ. പല കുട്ടികളും പാഠപുസ്തകങ്ങള്‍ മാത്രം വായിക്കുന്നവരാണ്. പൊതുവായ വായനയെപ്പറ്റി അവര്‍ ചിന്തിക്കണം.
വായനക്കും വേണം പരിശീലനം
വായനയെപ്പറ്റി ഒരു കാര്യം കൂടി അറിയേണ്ടതുണ്ട്. വായന ടിവി കാണുംപോലെ എളുപ്പമുള്ള പണിയല്ല. വായനശീലം വളര്‍ത്തണം. അതിന് പരിശീലനം ആവശ്യമാണ്. അക്ഷരം പഠിക്കുംമുമ്പ് ആ പരിശീലനം തുടങ്ങണം. ആദ്യം വായിച്ചു കേട്ട് ആസ്വദിക്കണം. അങ്ങനെ പുസ്തക സംസ്കാരം വളര്‍ത്ത ണം. പിന്നെ വായിച്ചുതുടങ്ങണം. ആ ദ്യമാദ്യം അത് വളരെ വിഷമമുള്ള ഒരു പ്രവൃത്തിയായി തോന്നും. എന്നാല്‍ സാവധാനം വായന എളുപ്പമാകും. പിന്നെ അത് രസക രമാകും. പിന്നെ അത് ഒരു ലഹരിയാകും, ആവേശമാ കും. അപ്പോള്‍ വായ ന ഒരു തപസ്സായി മാറും. അതിലൂടെ വളരാനും കഴിയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ