2011, ജൂൺ 20, തിങ്കളാഴ്‌ച

നമുക്ക് വളയാതെ വളരാം !

!

J
ഈ ഒരാഴ്ച സര്‍ക്കാര്‍ വായനാവാരമായി പ്രഖ്യാപിച്ചിരിരിക്കുന്നു. ഒന്നിനും സമയമില്ലാത്ത മലയാളിക്ക് വായിക്കാനെപ്പോഴാണ് സമയം!!  വായന ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്. പുസ്തക ശേഖരന്‍മാരുടെ ചില്ലിട്ട അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്തകം ഒന്നും കൈമാറുന്നില്ല. വെറുതെ ഇരിക്കുന്ന പുസ്തകം നിശ്ചലമാണ്. വ്യക്തമായ ഒരര്‍ഥം അപ്പോള്‍ പുസ്തകത്തിനില്ല. വായനക്കാരന്റെ ദിവ്യസ്പര്‍ശം ഏല്‍ക്കുന്നതോടെ പുസ്തകം ഉണരാന്‍ തുടങ്ങുന്നു.
പുസതകത്താളുകളോടൊപ്പം വായനയ്ക്ക് മറ്റ് സങ്കേതങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. വായന മരിക്കുന്നില്ല. വായനയുടെ സങ്കേതം മാറുന്നു എന്നു മാത്രം. ഇനി ഇ-വായനയുടെ നാളുകളാണ്. മുത്തശ്ശി കുഞ്ഞുങ്ങളോട് കഥ പറഞ്ഞുകൊടുക്കുന്നതുപോലെ..കഥയില്‍ നിന്ന് ശ്രദ്ധ തിരിഞ്ഞാല്‍ പാട്ടുപാടിക്കൊടുക്കും. ചിലപ്പോള്‍ നമ്മള്‍ത്തന്നെ മുത്തശ്ശിക്കഥയിലെ കഥാപാത്രമായെന്നു വരാം. കഥകളില്‍ നിന്ന് ഉപകഥകളിലൂടെ മുത്തശ്ശി വഴിമാറി സഞ്ചരിച്ചുകൊണ്ടിരിക്കും. എങ്കിലും കഥാഗതി ഒരിക്കലും മുഖ്യചട്ടക്കൂടില്‍ നിന്ന് വഴിമാറിയിരുന്നില്ല. ഇതേപോലെ തന്നെയാണ് ഇ-വായനയും . ഹൈപ്പര്‍ലിംങ്കുകള്‍ വഴി ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്. ഇന്ന് മലയാളത്തില്‍ ഏറ്റവും ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നത് ബ്ലോഗുകളിലും സോഷ്യല്‍മീഡിയയിലുമാണ്. ഇവിടെയും നടക്കുന്നത് വായനതന്നെ.
ഒരു പുസ്തകം നിലനില്‍ക്കുന്നത് വസ്തുയാഥാര്‍ഥ്യം എന്ന നിലയിലല്ല. ഇമേജുകളോ ആശയങ്ങളോ ആയിട്ടാണ് അതിന്റെ നിലനില്‍പ്പ്. ഒ. വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം,  മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്നീ പേരുകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ പ്രതിഫലിക്കുന്നത് കടലാസുകള്‍ കൂട്ടിക്കെട്ടിയ വസ്തുവിനെയല്ല മറിച്ച് ആ പുസ്തകം നമുക്ക് സമ്മാനിച്ച അനുഭൂതികളും വിക്ഷോഭങ്ങളുമായിരിക്കും. ഒരു പുസ്തകം കൈമാറുന്നത് ഒരു സംസ്‌കാരമാണ്.  ഒരു തലമുറയെ വായിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച് ഗ്രന്ഥശാലാ പ്രസ്ഥാനത്തിനുള്ള പങ്ക് നിസ്സീമമാണ്. നല്ല വായന തന്നെയാവണം പുതിയ ഒരു തലമുറയെയും നയിക്കേണ്ടത്. നമ്മുടെ വിദ്യാലയങ്ങളില്‍ മുമ്പ് ലൈബ്രറി ഒരു പാഠ്യവിഷയം തന്നെയായിരുന്നു. ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ കുട്ടികളെ നിര്‍ബന്ധമായും ഗ്രന്ഥശാല ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചിരുന്നു.  ഇന്നത് നഷ്ടമായി.  നമ്മള്‍ ഒന്നും ചെയ്യാതെ വായന മരിക്കുന്നു എന്ന് മുറവിളി കൂട്ടിയിട്ട് ഒരു കാര്യവുമില്ല. ഒരു വായനാവാരത്തിലൂടെ കൂടി കടന്നു പോകുമ്പോള്‍ പുതിയതലമുറയെ എങ്ങനെ നല്ല വായനാസംസകാരമുള്ളവരാക്കാം എന്ന ചിന്തയ്ക്കാവണം മന്‍തൂക്കം കൊടുക്കേണ്ടത്. കുഞ്ഞുണ്ണിമാഷിന്റെ വരികള്‍ നമുക്കിവിടെ സ്മരിക്കാം
‘വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചുവളര്‍ന്നാല്‍ വിളയും, വായിക്കാതെ വളര്‍ന്നാല്‍ വളയും’

2 അഭിപ്രായങ്ങൾ: